പാവക്കുളത്തമ്മയ്ക്ക് ഭക്തിയുടെ പൊങ്കാല: ആയിരങ്ങൾ പങ്കെടുത്തു.
കൊച്ചി: കലൂർ പാവക്കുളം മഹാദേവ ക്ഷേത്രത്തിലെ പൊങ്കാല മഹോത്സവത്തിൽ ആയിരങ്ങൾ പങ്കെടുത്തു. പതിനേഴാമത് മേട പൗർണ്ണമി പൊങ്കാലയുടെ സമാപനം കുറിച്ചാണ് പാർവ്വതി ദേവിയ്ക്ക് പൊങ്കാല സമർപ്പണം നടന്നത്. രാവിലെ അഞ്ചിന് മഹാഗണപതി ഹോമത്തോടെ ചടങ്ങുകൾ ആരംഭിച്ചു. പാർവ്വതി ദേവിയ്ക്ക് അഷ്ടാഭിഷേകവും വിശേഷാൽ പൂജകളും നടന്നു. ദശപുഷ്പം കൊണ്ട് അലങ്കരിച്ച ഉരുളുയിൽ ദ്രവ്യങ്ങൾ സമർപ്പിച്ച ശേഷം മേൽശാന്തി പർപ്പൂക്കര ഹരി നമ്പൂതിരിയുടെ സഹധർമ്മണി മായ അന്തർജ്ജനം ആദ്യ പൊങ്കാല സമർപ്പിച്ചു.തുടർന്ന് മേൽശാന്തിയുടെ കാർമ്മികത്വത്തിൽ പൊങ്കാല അടുപ്പിൽ നിന്നും പതിനെട്ട് നിലവിളക്കുകളിലേക്ക് ദീപം പകർന്നു.
തുടർന്ന് പൊങ്കാല അടുപ്പുകളിലേക്ക് ദീപം പകർന്നു. ഉദ്ദിഷ്ട കാര്യസിദ്ധിക്കും കുടുംബ സൗഖ്യത്തിനുമായി വൃത നിഷ്ഠയോട് കൂടി ഭക്തി നിർഭരമായി അന്തരീക്ഷത്തിൽ ഭക്തർ പൊങ്കാല അർപ്പിച്ചു.തുടർന്ന് പത്തോളം പൂജാരിമാരുടെ നേതൃത്വത്തിൽ ഭക്തർ തയ്യാറാക്കിയ നിവേദ്യത്തിൽ തീർത്ഥം തളിച്ചു.പ്രത്യേകം തയ്യാറാക്കിയ പുഴുക്കും കഞ്ഞിയും ആയിരക്കണക്കിന് ഭക്ത ജനങ്ങൾക്ക് വിതരണം ചെയ്തു.
പൊങ്കാലയോട് അനുബന്ധിച്ച് ക്ഷേത്ര സമിതി നേതൃത്വത്തിൽ സംഭാര വിതരണം, ഡോക്ടർമാരുടെ സേവനം, ആംബുലൻസ് തുടങ്ങിയ വിവിധ സൗകര്യങ്ങൾ ഒരുക്കിയിരുന്നു. നാഷണൽ ഇൻഷൂറൻസ് കമ്പനിയുമായി സഹകരിച്ച് പൊങ്കാല അർപ്പിക്കുന്ന ഭക്ത ജനങ്ങൾക്ക് ഇൻഷുറൻസ് പരിരക്ഷയും ഉറപ്പാക്കിയിരുന്നു.
ചടങ്ങുകൾക്ക് ക്ഷേത്ര സമിതി പ്രസിഡന്റ് കെ.എ.എസ് പണിക്കർ,സെക്രട്ടറിയും ജനറൽ കൺവീനറുമായ കെ.പി.മാധവൻകുട്ടി, പൊങ്കാല സമിതി പ്രസിഡന്റ് രമാ രമേശൻ നായർ,പൊങ്കാല സമിതിയുടെ ജന.സെക്രട്ടറി സുയന്തി മുരളീധരൻ, ചീഫ് കോർഡിനേറ്റർ എൻ.ആർ.സുധാകരൻ,ട്രഷറർ കെ.എം.ഉണ്ണികൃഷ്ണൻ, ശ്രീനീവാസ പ്രഭു, കെ.എ.വിശ്വനാഥൻ,ഒ.ഉണ്ണികൃഷ്ണ മേനോൻ, പ്രദീപ്, നന്ദകുമാർ,സുരേന്ദ്രൻ, ബാലകൃഷ്ണ കമ്മത്ത്, രാമകൃഷ്ണൻ ശ്രീകുമാർ, സോമകുമാർ തുടങ്ങിയവർ നേതൃത്വം നൽകി.