പാവക്കുളത്ത് നിറപുത്തരിയും ഇല്ലംനിറയും
കൊച്ചി :- നാടിന്റെ ഐശ്വര്യത്തിനും കാർഷിക സമൃദ്ധിക്കുമായി പാവക്കുളം ശ്രീ മഹാദേവക്ഷേത്രത്തിൽ ചിങ്ങം ഒന്നിന് നടന്ന ഇല്ലംനിറക്കു വൻഭക്തജനത്തിരക്കായിരുന്നു. രാവിലെ കിഴക്കെ ഗോപുരത്തിൽ അരിമാവ് തെളിച്ച് തൂശനിലയിൽ വെച്ച നെൽക്കതിർ കറ്റ ക്ഷേത്രം മേൽശാന്തി ബ്രഹ്മശ്രീ പറപ്പൂക്കര ഹരിനമ്പൂതിരിയുടെ കാർമികത്വത്തിൽ ശിരസ്സിലേറ്റി ശഖുനാദത്തോടും വാദ്യമേളങ്ങളോടെയും കൂടി എഴുന്നള്ളിച്ചു അതിൽ ഇല്ലി,നെല്ലി അരയാൽ, പേരാൽ,മാവില എന്നിവ കൂട്ടിവെച്ച് പ്രേത്യേകപൂജക്ക് ശേഷം പൂജിച്ച നെൽക്കതിരുകൾ മഹാദേവന്റെയും പാർവ്വതിയുടെയും ശ്രീകോവിലിൽ എഴുന്നള്ളിച്ച് സമർപ്പിച്ചു.
തുടർന്ന് ഉപദേവന്മാർക്കും, ക്ഷേത്രകാര്യാലയങ്ങളിലും സമർപ്പിച്ചു. പൂജിച്ച നെൽക്കതിരുകൾ പ്രസാദമായി അനേകം ഭക്തർ സ്വീകരിച്ചു.
ഇല്ലംനിറക്കുള്ള നെൽക്കതിരുകൾ കുന്നംകുളം പഴുന്നാന ആലാട്ട് വേലപ്പന്റെ കൃഷിയിടത്തിൽ നിന്നാണ് കൊണ്ടുവന്നത്.കളഭാഭിഷേകവും, വിശേഷാൽ പൂജകളും നടത്തിയ ശേഷം നെല്ലുകുത്തിയെടുത്ത പുത്തരിപ്പായസം ഭക്തജനങ്ങൾക്ക് വിതരണം ചെയ്തു.